ന്യൂഡല്‍ഹി: ലോകം കാത്തിരിക്കുന്ന ഏറ്റവും വില കുറവുള്ള ചെറു കാര്‍ ടാറ്റ നാനോക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ബുക്കിങ്ങ് സെപ്റ്റംബറില്‍ ആരംഭിക്കാനാണ് പദ്ധതി. ഒക്ടോബറില്‍ നിരത്തിലിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന നാനോയെ സ്വീകരിക്കാന്‍ വേണ്ട തയാറെടുപ്പു നടത്താന്‍ രാജ്യത്തെ ടാറ്റയുടെ 190 ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാനോ കാറിന് ഡീലര്‍ഷിപ്പ് നല്‍കാന്‍ ഉടനെങ്ങും ഉദ്ദേശിക്കുന്നില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എംജംക്ഷന്‍ സര്‍വീസസിണ്റ്റെ പ്രമുഖ ഇ കൊമേഴ്സ് പോര്‍ട്ടലായ ഓട്ടോ ജംക്ഷന്‍ ഡോട്ട് കോമിലൂടെ ബുക്കിങ്ങ് സ്വീകരിക്കാനാണ് ടാറ്റയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിയുടെ തന്നെ സൈറ്റിലൂടെ ബുക്കിങ്ങ് നടത്തുന്നതിനുള്ള സംവിധാനം ആലോചിക്കുന്നതായി ടാറ്റ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത കമ്പനി വക്താക്കള്‍ നിഷേധിച്ചിട്ടുണ്ട്. നാനോ വിതരണ രീതിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പ്രഖ്യാപനങ്ങളുണ്ടായിട്ടില്‍ളെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കമ്പനിക്ക് രാജ്യത്ത് വാഹന വിതരണത്തിനുള്ള പതിവു സംവിധാനം തന്നെ ഉപയോഗപ്പെടുത്താനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങ് നടത്തുന്നതിലൂടെ കമ്പനിയുടെ വിതരണ ചെലവില്‍ കാര്യമായ കുറവു വരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പിന്നീട് ബുക്കിങ്ങ് സംബന്ധിച്ച വിവരം കമ്പനി നിശ്ചിത ഡീലര്‍മാര്‍ക്ക് കൈമാറും. ഉപഭോക്താവിന് അവര്‍ക്ക് ഏറ്റവും അടുത്തുള്ള ഡീലറില്‍ നിന്നു കാര്‍ സ്വീകരിക്കാന്‍ പറ്റുന്ന വിധത്തിലുള്ള സംവിധാനമാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പത്തു കൊല്ലം മുമ്പ് രത്തന്‍ ടാറ്റ വാഗ്ദാനം ചെയ്ത ലക്ഷം രൂപയുടെ ചെറു കാര്‍ അന്നു പറഞ്ഞ അതേ വിലയ്ക്കാണ് വിപണിയിലെത്തുന്നത്. അതുകൊണ്ടു തന്നെ വിതരണ ചെലവില്‍ കാര്യമായ കുറവു വരുത്താന്‍ കമ്പനി നടപടി സ്വീകരിക്കുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ അനാവരണം ചെയ്യപ്പെട്ട നാനൊ ഇക്കൊല്ലം നവംബറില്‍ വിപണിയിലെത്തുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. പുതിയ വാര്‍ത്തകള്‍ ശരിയാകുമെങ്കില്‍ അതിനും ഒരു മാസം മുമ്പേ നാനോ നിരത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കാം.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange