മൊബൈല്‍ ഫോണ്‍ രംഗത്ത് നോക്കിയക്കുള്ള മേധാവിത്വം അധികം ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. നെറ്റ് സൌകര്യം ഉള്ള ഫോണുകളുടെ കാര്യത്തില്‍ ബ്ലാക്ക്‌ബെറി നോക്കിയയെ പിന്നിലാക്കിയിട്ടുണ്ടെങ്കിലും എന്‍ ശ്രേണിയില്‍പ്പെട്ട രണ്ട് പുതിയ മോഡലുകളുമായി നോക്കിയ തിരിച്ചെത്തിയിരിക്കുകയാണ്.
ആപ്പിളിന്‍റെ ഐ ഫോണിനെ നോക്കിയ എങ്ങിനെ എതിരിടുമെന്നത് മൊബൈല്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. ഈ വര്‍ഷം അവസാനത്തോടെ ടച്ച് സ്ക്രീന്‍ സംവിധാനമുള്ള ഹാന്‍ഡ് സെറ്റ് പുറത്തിറക്കുമെന്ന നോക്കിയയുടെ പ്രഖ്യാപനം ഈ കാത്തിരിപ്പിനുള്ള മറുപടിയാണ്.
പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നോക്കിയയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് സോറന്‍ പീറ്റേഴ്സനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ ടച്ച് സ്ക്രീന്‍ ഹാന്‍ഡ് സെറ്റ് ഇറക്കാനാകുമെന്നാണ് കരുതുന്നതെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. ട്യൂബ് എന്ന് പേരിട്ടിട്ടുള്ള പുതിയ ഫോണിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ നോക്കിയ തയ്യാറായിരുന്നില്ല.
ഐ ഫോണിനോട് കിടപിടിക്കുന്ന ഒരു ഫോണ്‍ പുറത്തിറക്കുന്ന കാര്യത്തില്‍ നോക്കിയ വേണ്ടത്ര വേഗതയിലല്ല ചലിക്കുന്നതെന്ന ആരോപണം പീറ്റേഴ്സണ്‍ നിരാകരിച്ചു. നോക്കിയ മികച്ച അടിത്തറയുള്ള ഒരു കമ്പനിയാണെന്നും കൃത്യതയോടെയും കണക്കുകൂട്ടിയും മാത്രമെ തങ്ങള്‍ ഓരോ തീരുമാനവും കൈകൊള്ളാറുള്ളുവെന്നും അദ്ദേഹം വിശദമാക്കി.
അര ബില്യണ്‍ ഫോണുകള്‍ ഒരു വര്‍ഷം വില്‍ക്കാനാണ് നോക്കിയ പദ്ധതിയിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതിവര്‍ഷം എട്ടോ പത്തോ ദശലക്ഷം ഫോണുകള്‍ വില്‍ക്കുന്ന ഒന്നും വലിയ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും പീറ്റേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. എട്ടു ദശലക്ഷം മുതല്‍ പത്തു ദശലക്ഷം വരെ ഐഫോണുകള്‍ 2008ല്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.
ഈ വസ്തുത കണക്കിലെടുത്തായിരുന്നു പീറ്റേഴ്സന്‍റെ ഭംഗ്യന്തരേണയുള്ള ആക്രമണം. ഏതായാലും ഐ ഫോണുമായുള്ള നോക്കിയയുടെ കടന്നുവരവ് ഈ രംഗത്തെ മത്സരം കൂടുതല്‍ ചടുലമാക്കും. ലോകത്തെ ഒന്നാം നമ്പര്‍ മൊബൈല്‍ ഫോണ്‍ വിപണക്കാരായിട്ടും സാങ്കേതികതയുടെ കാര്യത്തിലുള്ള വിലങ്ങുതടികള്‍ മറികടക്കാനുള്ള പരിശ്രമത്തിലാണ് നോക്കിയ ഇപ്പോള്‍.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange