ബിജിംഗ് ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്രയുടെ സ്വര്‍ണത്തിന് ശേഷം ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്ക് വെങ്കലത്തിളക്കം. ഗുസ്‌തിയില്‍ 66 കിലോ ഫ്രീസ് സ്റ്റൈല്‍ വിഭാഗത്തില്‍ വെങ്കലം നേടിയ സുശീല്‍ കുമാറാണ് 56 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യക്ക് ഗുസ്തിയിലെ ആദ്യമെഡലും ബീജിംഗ് ഒളിമ്പിക്സിലെ രണ്ടാം മെഡലും സമ്മാനിച്ചത്.
1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ മെഡല്‍നേടിയ കെ ഡി യാദവാണ് അവസാനമായി ഗുസ്തിയില്‍ ഇന്ത്യക്ക് മെഡല്‍ നേടിതന്നത്. വെങ്കലമെഡല്‍ നിശ്ചയിക്കാനുള്ള പ്രത്യേക മല്‍സരത്തില്‍ കസാഖിസ്ഥാന്‍ താരം ലിയോനിഡ് സ്‌പിരിഡ്നോവിനെ 3-1 എന്ന സ്‌കോറിനാണ് സുശീല്‍ തോല്‍പ്പിച്ചത്. ആദ്യ റൌണ്ടില്‍ 2-1ന് മുന്നിട്ട് നിന്ന സുശീല്‍ രണ്ടാം റൌണ്ടില്‍ 0-1ന് പിന്നില്‍ പോയെങ്കിലും നിര്‍ണായക മൂന്നാം റൌണ്ടിന്‍റെ ടൈബ്രേക്കറില്‍ 1-0ന് മുന്നിലെത്തി ഇന്ത്യയ്ക്ക് വെങ്കലതിളക്കം സമ്മാനിച്ചു.
നേരത്തെ പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ റമാസിനോട് സുശീല്‍ തോറ്റിരുന്നു. എന്നാല്‍ റമാസിന്‍ ഫൈനലിലെത്തിയതോടെ ഫൈനനലിലെത്തിയ താരങ്ങളോട് പരാജയപ്പെട്ട താരങ്ങള്‍ക്കായി വെങ്കലമെഡല്‍ നിശ്ചയിക്കാനായി പ്രത്യേക മത്സരം നടത്തി. വെങ്കലമെഡല്‍ നിശ്ചയിക്കാനുളള ആദ്യ മത്സരത്തില്‍ അമേരിക്കന്‍ താരം ഡൌഗ് ഷവാബിനെ മലര്‍ത്തിയടിച്ച സുശീല്‍ രണ്ടാം റൌണ്ടില്‍ ബെലാറസിന്‍റെ ആല്‍ബര്‍ട്ട് ബട്ര്യോവിനോട് തോറ്റെങ്കിലും മൂന്നാം റൌണ്ടില്‍ കസാഖിസ്ഥാന്‍റെ ലിയോനിഡ് സ്‌പിരിഡ്നോവിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ അഭിമാനമുയര്‍ത്തി.
ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. 1952നു ശേഷം ഇതാദ്യമായാണ് ഇന്ത്യയ്‌ക്ക് ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ ലഭിക്കുന്നത്. ഹെല്‍സിങ്കി ഒളിമ്പിക്സില്‍ യാദവിന്‍റെ വെങ്കലത്തിന് പുറമെ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange