ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 249 റണ്‍സിന് പുറത്തായി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കുന്നതില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട മധ്യനിരയാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എടുത്തിട്ടുണ്ട്.
ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഏകദിനശൈലിയില്‍ ബാറ്റ് വീശിയ സേവാഗ്--ഗംഭീര്‍ സഖ്യം 52 റണ്‍സെടുത്തതിന് ശേഷമാണ് വേര്‍പിരിഞ്ഞത്. ഏഴ് ഓവറിലായിരുന്നു ഇന്ത്യ 50 റണ്‍സിലെത്തിയത്. 21 റണ്‍സെടുത്ത സെവാഗ് പ്രസാദിന്‍റെ പന്തില്‍ പുറത്തായതിന് പിന്നാലെ ‘പുകള്‍പെറ്റ‘ ഇന്ത്യന്‍ ബാറ്റിങ്ങ് നിര പവലിയനിലേക്ക് ഘോഷയാത്ര ആരംഭിച്ചു. 72 റണ്‍സെടുത്ത ഗംഭീര്‍ മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ അല്‍പ്പമെങ്കിലും ശ്രമിച്ചത്. ദ്രാവിഡ്(10) ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും പ്രസാദിന്‍റെ തന്നെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. സച്ചിനായിരുന്നു പ്രസാദിന്‍റെ അടുത്ത ഇര. ഏറ്റവും കൂടുതല്‍ റണ്‍സിന്‍റെ ലോക റെക്കോര്‍ഡ് നേടാനെത്തിയ സച്ചിനെ(6)യും പ്രസാദ് വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. റഫറല്‍ സമ്പ്രദായത്തിലൂടെയാണ് സച്ചിനും ദ്രാവിഡും പുറത്തായത്.
ഗാംഗുലി-ഗംഭിര്‍ കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും മുരളിയുടെ പന്തില്‍ ഗാംഗുലി(35)യും മടങ്ങിയതോടെ വീണ്ടും വിക്കറ്റ് വീഴ്ച തുടങ്ങി. പുറകെ അതുവരെ ക്ഷമയോടെ പിടിച്ചു നിന്ന ഗംഭീറിനെ(72) മെന്‍ഡിസ് വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 155/5 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ലക്‍ഷ്മണും പാര്‍ത്ഥിവ് പട്ടേലും ചേര്‍ന്ന് ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മെന്‍ഡിസ് ഒരിക്കല്‍ കൂടി ഇന്ത്യയുടെ അന്തകനായി. ചായയ്ക്ക് നിമിഷങ്ങള്‍ ബാക്കിയിരിക്കെ ലക്‍ഷ്മണെ(25) പുറത്താക്കി മെന്‍ഡിസ് ഇന്ത്യയുടെ ഭേദപ്പെട്ട സ്കോര്‍ സ്വപ്നങ്ങള്‍ തകര്‍ത്തു. ശ്രീലങ്കയ്ക്കായി പ്രസാദ് മൂന്നും മെന്‍ഡിസ് അഞ്ചും മുരളി രണ്ടും വിക്കറ്റുകള്‍ നേടി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange