വന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യത്തെ നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ ചൊവ്വാഴ്ച പാസ്സാക്കി .ബില്ലിനെതിരെ വന്‍ പ്രതിഷേധവുമായ് രംഗത്ത് വന്ന സമാജ്‌വാദി പാര്‍ട്ടി , ആര്‍.ജെ.ഡി.അംഗങ്ങളെ 'വാച്ച് ആന്‍ഡ് വാര്‍ഡ്' നീക്കംചെയ്ത ശേഷം ബില്ലിന്‍മേല്‍ ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞായിരുന്നു വോട്ടെടുപ്പ്.ഈ ഭരണഘടനാഭേദഗതി നടപ്പില്‍വരുത്താന്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഇടതു പാര്‍ട്ടികളും ഒരുമിച്ചു നിന്നു.ഒന്നിനെതിരെ 186 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വനിതാ സംവരണ ബില്‍ രാജ്യ സഭ പാസ്സാക്കി യത്.
ചൊവ്വാഴ്ച 11 മണിക്കു സഭ ചേര്‍ന്നപ്പോള്‍ തന്നെ ആര്‍.ജെ.ഡി., എസ്.പി. അംഗങ്ങള്‍ ബഹളം ഉണ്ടാക്കി . തുടര്‍ന്ന് 12 വരെ സഭ നിര്‍ത്തിവെച്ചു. 12-നു സഭ ചേര്‍ന്നപ്പോള്‍ ആര്‍.ജെ.ഡി.യിലും എസ്.പി.യിലും എല്‍.ജെ.പി.യിലുംപ്പെട്ട ഏഴ് എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു. മൂന്നേകാലോടെ ബില്ല് വോട്ടിനിടാനുള്ള പ്രമേയത്തിന് ബഹളങ്ങള്‍ക്കിടെ സഭാധ്യക്ഷന്‍ അനുമതി തേടി. സഭ അത് ശബ്ദവോട്ടോടെ പാസ്സാക്കി. പിന്നീട് നടന്ന വോട്ടെടുപ്പില്‍ 186 പേര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 233 അംഗ സഭയില്‍ പാസ്സാകാന്‍ വേണ്ടത് 155 വോട്ടാണ്.
|