ലഷ്‌കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ വിഭാഗമായ 'ഇന്ത്യന്‍ മുജാഹിദ്ദീന്‍ ' കൊച്ചിയില്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായ കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൊച്ചിയില്‍ നാലുദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മട്ടാഞ്ചേരി യഹൂദപള്ളി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി എന്നീ സ്ഥലങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചി കപ്പല്‍ശാല, ബിപിസിഎല്‍ കൊച്ചി റിഫൈനറി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോടതി, മട്ടാഞ്ചേരി ജൂതപ്പള്ളി റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി തിരുവനന്തപുരത്ത് നിന്ന് സായുധരായ 40 കമാന്‍ഡോകളെ എത്തിച്ചിട്ടുണ്ട്.മാര്‍ച്ച് ആറിന് യു.പിയില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ പോട്ടു എന്ന സല്‍മാന്‍ അഹമ്മദിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തതിനിടയിലാണ് കൊച്ചി ആക്രമണ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്. ദക്ഷിണേന്ത്യയില്‍ പ്രധാനമായും ബാംഗ്ലൂരും കൊച്ചിയുമാണ് ഇവര്‍ ലക്ഷ്യംവയ്ക്കുന്നത്.സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന വ്യക്തികളെയും വസ്തുക്കളെയും കുറിച്ച് പൊതുജനങ്ങള്‍ വിവരമറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 0484 - 2394650, 2394500, 2390280
|