മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സി ബി ഐയുടെ ഹര്‍ജി കോടതി തള്ളി. എന്നാല്‍ അതെ സമയം പ്രതികളെ സി ബി ഐയ്ക്ക് ജയിലില്‍ സന്ദര്‍ശിച്ച് ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. .തിങ്കളാഴ്ച മുതല്‍ ഏഴുദിവസമാണ് ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസില്‍ നിന്നും കേസ് സി ബി ഐ ഏറ്റെടുത്ത സാഹചര്യത്തില്‍ കേസിലെ പ്രധാനപ്പെട്ട പത്തു പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സി ബി ഐ എറണാകുളം സി ജെ എം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വളരെയധികം നാളുകള്‍ കഴിഞ്ഞ പ്രതികളെ ഇനിയും കസ്റ്റഡിയില്‍ വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു .അന്വേഷണത്തിനുള്ള ഏജന്‍സി മാത്രമാണ് മാറിയതെന്നും ഇക്കാരണത്താല്‍ പുതിയ ഏജന്‍സിക്ക് പ്രതികളെ വിട്ടു കൊടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി .
|