പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സി.രാഘവന്‍ (79) അന്തരിച്ചു . കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം സംഭവിച്ചത് . വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം .കന്നടയില്‍ നിന്ന് മലയാളത്തിലേക്ക് 22ഉം മലയാളത്തില്‍ നിന്ന് കന്നടയിലേക്ക് ഏഴും ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട് . ഒ.ചന്തുമേനോന്റെ കന്നട വിവര്‍ത്തനത്തിന് 1998ലെ കേന്ദ്രസാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു .അനന്തമൂര്‍ത്തിയുടെ ആറാമത്തെ കന്നഡ നോവല്‍ ദിവ്യം (ഇതിന് കേരള സാഹിത്യഅക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു), അനന്തമൂര്‍ത്തിയുടെ തന്നെ ഭാരതിപുരം, ധവം, കാമരൂപി, അവസ്ഥ, എം.ടി യുടെ രണ്ടാമൂഴം (കന്നഡയിലേക്ക്), കേശവദേവ്, എം.ടി.വാസുദേവന്‍നായര്‍, അനന്തമൂര്‍ത്തി, നിരഞ്ജന,അയ്യപ്പ പണിക്കര്‍, സാറാ അബൂബക്കര്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ പ്രശസ്‌ത കൃതികള്‍, ഗോവിന്ദപൈയുടെ തിരഞ്ഞെടുത്ത കൃതികള്‍, കവിത, നാടകം, മാസ്‌തിയുടെ ചെറുകഥകള്‍, ചിദംബര രഹസ്യം, സാറാ അബൂബക്കറിന്റെ നഫീസ, ചുഴി, അയ്യപ്പ പണിക്കരുടെ ഗോത്രയാനം എന്നിവയാണ് രാഘവന്റെ പ്രധാന വിവര്‍ത്തന ഉദ്യമങ്ങള്‍. കൂടാതെ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവ ചരിത്രം കന്നഡയില്‍ രചിച്ചിട്ടുമുണ്ട്. ഗിരിജമ്മയാണ് ഭാര്യ. മക്കള്‍: ജയലക്ഷ്മി, ആര്‍.ഗിരിധര്‍, സുജാത, ആര്‍.വീണാറാണി.
|