ചൊവ്വ, 13 മെയ് 2008
മലയാള സിനിമയിലെ രണ്ട് യുവനായകന്‍മാര്‍ തമിഴ് മെഗാതാരം വിക്രമിന്‍റെ ചിത്രങ്ങളില്‍ വില്ലന്‍മാരായി അഭിനയിക്കുന്നു. താര സഹോദരന്‍മാരായ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് വിക്രമിന്‍റെ വില്ലന്‍മാരാകുന്നത്. സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത് വില്ലന്‍ വേഷം കെട്ടുന്നത്. പൃഥ്വിരാജിന് അതിലും മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഖ്യവില്ലനായി പൃഥ്വി പ്രത്യക്ഷപ്പെടുന്നത്.
വിക്രമിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഇന്ദ്രജിത്ത്. കന്തസാമിയിലേക്ക് ഇന്ദ്രന്‍റെ പേര് നിര്‍ദ്ദേശിച്ചതും വിക്രമാണ്. ഈ സിനിമയില്‍ വിക്രം മൂന്ന് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മെക്സിക്കോയിലെ കൊടും വനങ്ങളിലാണ് ഇതിന്‍റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത്. വിക്രമും ഇന്ദ്രനുമൊത്തുള്ള നിരവധി ആക്ഷന്‍ സീനുകള്‍ ഈ സിനിമയിലുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ദ്രജിത്തിന്‍റെ ആദ്യ തമിഴ് ചിത്രവുമാണ് കന്തസാമി.
കനാ കണ്ടേന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് പൃഥ്വിരാജ് തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. അതിനു ശേഷം എല്ലാ ചിത്രങ്ങളിലും നായകനായാണ് അഭിനയിച്ചത്. ഇപ്പോള്‍ മണിരത്നം ചിത്രത്തിലൂടെ പൃഥ്വി വീണ്ടും വില്ലനാവുകയാണ്. ഐശ്വര്യാ റായിയാണ് ഈ സിനിമയില്‍ നായിക. വിക്രമിന്‍റെയും ഐശ്വര്യയുടെയും പ്രണയത്തിനിടയില്‍ വില്ലത്തരങ്ങളുമായി വരുന്ന കഥാപാത്രമായാണ് പൃഥ്വി അഭിനയിക്കുന്നതെന്നാണ് സൂചന. മണിരത്നം ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ചില വമ്പന്‍ മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് പൃഥ്വി നീട്ടിവച്ചതായാണ് വിവരം.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us